Thursday, July 25, 2013

PHILOSOPHY OF LANGUAGE

പുസ്‌തകങ്ങള്‍ ഒരിക്കലും മരിക്കില്ല സുഹൃത്തേ..!
BRO. JOBY PULICKAKUNNEL
III PHILOSOPHY

പുസ്‌തകങ്ങള്‍ മരിച്ചോ?....പുസ്‌തകങ്ങള്‍ മരിച്ചെന്നും ഇനി പ്രാപഞ്ചികപഠനത്തിന്റെ അനന്തസാധ്യതകളിലേക്ക്‌ നഗ്നനേത്രങ്ങള്‍ തുറന്നു പിടിക്കുക മാത്രമേ മനുഷ്യനു ഹിതകരമായിട്ടുള്ളുവെന്നും അഭിപ്രായപ്പെടുന്നവരാണ്‌ ചില സൈദ്ധാന്തികര്‍. പുസ്‌തകങ്ങളിലെ അച്ചടി അക്ഷരങ്ങളുടെ വേലിക്കെട്ടുകളില്‍നിന്നും പുറത്തു കടന്നു, സനാതനമായ പ്രപഞ്ചസത്യങ്ങളെ ആഗിരണം ചെയ്യുവാന്‍ ആധുനികതയുടെ സ്വതന്ത്ര്യ സാധ്യതകളെ തേടുക എന്ന മുദ്രാവാക്യവുമായി ഇവര്‍ മുന്നേറുന്നു. പുസ്‌തകങ്ങള്‍ മനുഷ്യന്റെ അനന്തസാധ്യതകളെ വല്ലാതെ ഞെരുക്കുകയും അവന്റെ ബോധമണ്‌ഡലത്തെ ഏതെങ്കിലുമൊരു വ്യക്തിയുടെ ആശയത്തിലേക്ക്‌ വലിച്ചടിപ്പിക്കുകയും ചെയ്യുന്നതിനാല്‍, പുസ്‌തകവായനയ്‌ക്കു പകരമായി പ്രകൃതിയിലുള്ള സത്യത്തെ നാം തന്നെ തൊട്ടറിയണമെന്ന്‌ ഇത്തരക്കാര്‍ വാദിക്കുമ്പോള്‍, അതു ആകര്‍ഷകമായി തോന്നിയേക്കാം. എന്നാല്‍ ഭാരതീയ സംസ്‌കാരത്തെ വിലയിരുത്തുമ്പോള്‍ ഇത്തരക്കാരുടെ ന്യായവാദം അതില്‍ത്തന്നെ തെറ്റാണെന്നു തെളിയുന്നു.

അവരുടെ ന്യായവാദം ഇപ്രകാരമാണ്‌:
1. ഭാരതീയ സംസ്‌കാരത്തില്‍ പുസ്‌തകം വളരെ താമസിച്ചെത്തിയ അതിഥിയാണ്‌.
2.പുസ്‌തകങ്ങള്‍ പ്രപഞ്ചത്തിന്റെ അനന്ത സാധ്യതകളില്‍ നിന്നും മനുഷ്യന്റെ കണ്ണുകളെത്തിരിക്കുന്നു.
3. `കണ്ണ്‌' എന്ന അവയവം മാത്രമേ പുസ്‌തകവായനയില്‍ ഉപയോഗിക്കപ്പെടുന്നുള്ളൂ.
4. പുസ്‌തകങ്ങള്‍ വാങ്ങുവാന്‍ ആളുകള്‍ ഇന്നു താത്‌പര്യം കാണിക്കുന്നില്ല.
5 അതിനാല്‍ പുസ്‌തകങ്ങള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു.
ആദ്യത്തെ വാചകം അതില്‍തന്നെ തെറ്റാണ്‌. കാരണം പുസ്‌തകം എന്നത്‌ അതിന്റെ നിയതരൂപത്തില്‍ എത്തുന്നതു വളരെ താമസിച്ചാണെങ്കിലും അതിന്റെ പ്രാഗ്‌രൂപങ്ങള്‍ ചരിത്രത്തില്‍ നമുക്ക്‌ കണ്ടെത്താനാകും. താളിയോലഗ്രന്ഥങ്ങള്‍, തുകല്‍ ചുരുളുകള്‍, ഗുഹാ ലിഖിതങ്ങള്‍, എന്തിന്‌ വാമൊഴിയായി പ്രചരിച്ച വിജ്ഞാനത്തെവരെ പുസ്‌തകങ്ങളുടെ പൂര്‍വികരായി കാണാനാവുന്നതാണ്‌. പുസ്‌തകങ്ങള്‍ ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നതല്ല. ദീര്‍ഘകാലത്തെ പ്രയത്‌നവും പ്രപഞ്ചസത്യങ്ങളില്‍മേലുള്ള ധ്യാനവും അതിന്‌ അത്യന്താപേക്ഷിതമാണ്‌. ഭാരതീയ വേദങ്ങള്‍ അതിന്റെ പ്രാഗ്‌രൂപത്തില്‍ 1500
BC മുതല്‍ ഉണ്ടായിരുന്നുവെന്നു പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വാമൊഴിയാണെങ്കിലും വരമൊഴിയാണെങ്കിലും ഏതെങ്കിലുമൊരു മാധ്യമമില്ലാതെ മനുഷ്യനു പ്രപഞ്ചസത്യങ്ങളെ മനസ്സിലാക്കുവാന്‍ സാധ്യമല്ല. ചിന്തപോലും അതിന്റെ അടിസ്ഥാന അര്‍ത്ഥത്തില്‍ സൂക്ഷ്‌മ-സ്ഥൂല പ്രപഞ്ചത്തില്‍ പരന്നുകിടക്കുന്ന സത്യങ്ങളെ മനസ്സിലാക്കുവാനുള്ള മാധ്യമമായി വ്യാഖ്യാനിക്കപ്പെടാവുന്നതാണ്‌. ഭാഷ സത്യത്തെ കൈമാറുന്ന മാധ്യമമാണ്‌. ചിന്തയിലുടെ ലഭിക്കുന്ന സത്യത്തെ അപര്യാപ്‌തമെങ്കിലും ഭാഷ കൈമാറുന്നു; അത്‌ കൈമാറണം. പ്രാപഞ്ചികസത്യങ്ങള്‍ അത്‌ അറിഞ്ഞവര്‍ക്കു വിഴുങ്ങുവാനുള്ളതല്ല, അറിവില്ലാത്തവര്‍ക്ക്‌ നല്‌കുവാനുള്ളതാണ്‌. പുസ്‌തകമെന്നാല്‍ സത്യത്തിലേക്കുള്ള ഒരു ചൂണ്ടു പലകയാണ്‌.
രണ്ടാമത്തെ പ്രസ്‌താവനയില്‍ തത്ത്വശാസ്‌ത്രപരമായ വൈകല്യം കാണാനാവുന്നതാണ്‌. ഇവിടെ പ്രപഞ്ചവും വ്യക്തിയും, വ്യക്തിയും പുസ്‌തകവും, പുസ്‌തകവും പ്രപഞ്ചവും എന്നിങ്ങനെ അടിത്തറയില്ലാത്ത ഒരുതരം തിരിവ്‌ ഉണ്ടാക്കിയിരിക്കുന്നു. ഭാരതീയ തത്ത്വസംഹിതയനുസരിച്ച്‌ 'വാക്ക്‌' അല്ലെങ്കില്‍ വാചകം സത്യമാണ്‌. അത്‌ സത്യത്തെ പ്രതിനിധാനം ചെയ്യുക മാത്രമല്ല; സത്യം തന്നെയാണ്‌. പ്രസിദ്ധ ഇന്ത്യന്‍ ഭാഷാ ശാസ്‌ത്രജ്ഞനായ ഭര്‍തൃഹരിയുടെ അഭിപ്രായത്തില്‍ ഓരോ വാക്കും പ്രപഞ്ചത്തിലേക്ക്‌ പൊട്ടിത്തെറിക്കുകയാണ്‌.വാക്ക്‌ പ്രപഞ്ചസത്യത്തെ ഉള്‍ക്കൊള്ളുന്നു. അത്‌ ഉച്ചരിക്കപ്പെടുമ്പോള്‍ ഓരോ ശ്രോതാവിനും വ്യത്യസ്‌താനുഭൂതിയായിരിക്കും അതുണ്ടാക്കുക. അതുകൊണ്ട്‌ പ്രപഞ്ചസത്യങ്ങള്‍ വാക്കുകളായി പുസ്‌തകത്തില്‍ അവതാരം ചെയ്യുന്നു.പുസ്‌തകമെന്നാല്‍ വെറും അക്ഷരക്കൂട്ടമല്ല, അതിന്റെ അടിസ്ഥാനസത്ത പ്രപഞ്ചസത്യം തന്നെയാണ്‌. വ്യക്തിയും പുസ്‌തകവും പ്രപഞ്ചവും എല്ലാം ഒരേ സത്യത്തിന്റെ ഭാഗങ്ങളാണ്‌.പുസ്‌തകം സത്യത്തെ മുഴുവനായും അവതരിപ്പിക്കുവാന്‍ അപര്യാപ്‌തമാണെങ്കിലും അവ പ്രപഞ്ചസത്യങ്ങളെ ദ്യോതിപ്പിക്കുന്നതും അവയിലേക്കു നയിക്കുന്ന വഴികാട്ടികളുമാണ്‌. ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനും തന്റെ മാതാപിതാക്കളുടെ സഹായമില്ലാതെ ജീവിക്കുവാനാവാത്തതുപോലെ ഈ പ്രപഞ്ചികസത്യങ്ങളോടു തുലനം ചെയ്യുമ്പോള്‍ നാമെല്ലാവരും അതിനു മുമ്പില്‍ പകച്ചുനില്‌ക്കുന്ന കുട്ടികള്‍ മാത്രമാണ്‌.അതുകൊണ്ട്‌ നേരിട്ടുള്ള സത്യാനേഷണത്തിനു സംപുഷ്‌ടമായ ഒരടിത്തറ കൂടിയെത്തീരൂ. അതുകൊണ്ടാണ്‌ കവി പാടിയത്‌: `` ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മംകൂടി''എന്ന്‌.
സത്യത്തെ മനസ്സിലാക്കുന്ന സപര്യയില്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കു വലിയ പ്രാധാന്യമൊന്നുമില്ല. അനിത്യമായ മനുഷ്യ ശരീരത്തിന്റെ വാതിലുകളാണവ. പുസ്‌തകവായനയില്‍ പഞ്ചേന്ദ്രിയങ്ങള്‍ തൃപ്‌തിപ്പെടുന്നില്ല എന്ന വാദം പ്രാപഞ്ചിക സത്യങ്ങളെക്കുറിച്ചുള്ള അറിവ്‌ വെറും ഇന്ദ്രീയാനന്ദത്തിനാണെന്നു വരുത്തിത്തീര്‍ക്കുന്നു. ഒരു പുസ്‌തകം വായിക്കുമ്പോള്‍ കണ്ണിലൂടെ പ്രവേശിക്കുന്ന അക്ഷരങ്ങളാകുന്ന പ്രതീകങ്ങള്‍ മനസ്സില്‍ സത്യത്തിന്റെ ചിത്രമുണ്ടാക്കുന്നു. അതു പിന്നീട്‌ പഞ്ചേന്ദ്രിയ സമഗ്രമായ പ്രവൃത്തികളിലേക്ക്‌ നയിക്കുന്നു. പുസ്‌തകവായനിയില്‍ എല്ലാ ഇന്ദ്രിയങ്ങളും നേരിട്ട്‌ ഉപയോഗിക്കപ്പെടണമെന്ന ശാഠ്യം തെറ്റാണ്‌.
'മിമാംസക' തത്ത്വധാരയനുസരിച്ച്‌ വേദങ്ങളിലെ വാക്കുകള്‍ അതില്‍ത്തന്നെ ഈശ്വരനാണ്‌. അതുകൊണ്ടാണ്‌ വേദങ്ങള്‍ക്ക്‌ കര്‍ത്താവില്ല എന്നവര്‍ പറയുന്നത്‌. വി. ബൈബിളില്‍ വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു എന്നു പറയുന്നിടത്ത്‌ നിത്യസത്യത്തിന്‌ അനിത്യരൂപം സ്വീകരിക്കുവാന്‍ കഴിഞ്ഞു എന്നാണ്‌ സൂചിപ്പിക്കുന്നത്‌. പുസ്‌തകത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നവര്‍ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്നവരോ വായുവിനെ വലയില്‍ നിറക്കാന്‍ ശ്രമിക്കുന്ന ഉപരിപ്ലവക്കാരോ ആകാം.
ആളുകള്‍ വാങ്ങുന്നുണ്ടോ ഇല്ലയോ എന്നത്‌ പുസ്‌തകത്തെ സംബന്ധിച്ചിടത്തോളം രണ്ടാമത്തെ ചോദ്യം മാത്രമാണ്‌. എന്നെ കേള്‍ക്കാന്‍ ആരുമില്ലാത്തതിനാല്‍ ഞാന്‍ ഊമനാകും എന്നത്‌ മണ്ടത്തരമാണ്‌. അതുകൊണ്ടാണ്‌ ക്രിസ്‌തു ഇപ്രകാരം പറഞ്ഞത്‌: �കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ� എന്ന്‌. മനുഷ്യന്‍ ഉള്ള കാലത്തോളം പുസ്‌തകങ്ങള്‍ക്ക്‌ അതിന്റേതായ സ്ഥാനം ഉണ്ടായിരിക്കും തീര്‍ച്ച.
1 .മനുഷ്യന്‌ ആറു കണ്ണുകളുണ്ട്‌.
2 .ഭൂമിയില്‍ സ്വര്‍ണമലകള്‍ ധാരാളമുണ്ട്‌.
3.അവയെ ഞാന്‍ കാണുന്നു.
3. അതുകൊണ്ട്‌ സ്വര്‍ണ്ണമല സത്യമാണ്‌.
എന്നു പറയും പോലെയാണ്‌ പുസ്‌തകത്തെ എതിര്‍ക്കുന്നവരുടെ ന്യായവാദങ്ങള്‍. ചിന്തിക്കുന്നവര്‍ക്ക്‌ അതിന്റെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കാതിരിക്കുകയില്ല.!! പുസ്‌തകള്‍ ഒരിക്കലും മരിക്കില്ല സുഹൃത്തേ..!

No comments:

Post a Comment